Closing ceremony of the exhibition ‘Varanasi — An open book of unending stories’
Date: 31st January 2026
Time: 4 PM
Venue: PhotoMuse Museum Gallery, Chungal, Thrissur
വാരണാസി – തീരാക്കഥകളുടെ തുറന്ന പുസ്തകം
ഹൈന്ദവ വിശ്വാസത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന പുണ്യനദി—ഗംഗ. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ തീരം തഴുകി അനന്തമായി മുന്നേറുന്ന ആ നദീതീരത്താണ് നൂറ്റാണ്ടുകളായി ആചരിച്ചുപോരുന്ന വിശ്വാസങ്ങളും ജീവിതരീതികളും ചേർന്ന് ഒരു സംസ്കാരമായി രൂപംകൊണ്ടത്. ജീവിതത്തിന്റെ അന്തിമ സായുജ്യം തേടി കാശി വിശ്വനാഥന്റെ മണ്ണിലേക്ക് ലയിക്കാൻ കാത്തിരിക്കുന്ന അനവധി ആത്മാക്കൾ. മറ്റെങ്ങും കാണാനാകാത്ത, തീർത്തും വ്യത്യസ്തമായ ജീവിത താളമാണ് വാരണാസിയുടേത്. ആ താളത്തിന്റെ നേർകാഴ്ചകളാണ് ‘വാരണാസി – തീരാക്കഥകളുടെ തുറന്ന പുസ്തകം’ എന്ന ഫോട്ടോഗ്രാഫി പ്രദർശനം അവതരിപ്പിക്കുന്നത്.
ജനുവരി 3 മുതൽ തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിലെ ചുങ്കാൽ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയം ഗ്യാലറിയിൽ, ഡോ. ഉണ്ണി പുളിക്കൽ ക്യൂറേറ്റ് ചെയ്ത ഈ ഫോട്ടോഗ്രാഫി പ്രദർശനം നടന്നുവരികയാണ്. പ്രദർശനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജനുവരി 31-ന് വൈകിട്ട് 4 മണിക്ക് മ്യൂസിയം ഗ്യാലറിയിൽ നടക്കുന്ന സമാപന സംഗമത്തിൽ മറ്റത്തൂർ പഞ്ചായത്തിലെ കലാ, സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
2026 ജനുവരി 3-ന് പ്രശസ്ത ഡോക്യുമെന്ററി ഫോട്ടോഗ്രാഫറും ദൃശ്യകലാകാരനും എഴുത്തുകാരനുമായ ശ്രീ. കെ. ആർ. സുനിൽ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പന്ത്രണ്ട് ഫോട്ടോഗ്രാഫർമാർ പകർത്തിയ, ഭാരതത്തിന്റെ ആത്മീയ തലസ്ഥാനമായ വാരാണസിയുടെ നിത്യജീവിതവും സംസ്കാരവും ആത്മീയതയും ഉൾക്കൊള്ളുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഈ പ്രദർശനത്തിന് തുടക്കം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. പ്രദർശനം കാണാനെത്തുന്ന സാധാരണക്കാർ പോലും വാരണാസിയുടെ ദൃശ്യങ്ങളെ ഒരു നേരിട്ടുള്ള അനുഭവമായി, ആത്മാവിനെ തൊടുന്ന ഒരു യാത്രയായി പങ്കുവെക്കുന്നു.
ഗംഗാനദീതീരത്തെ പുലരികൾ, ഘാട്ടുകളിലെ നിത്യാനുഷ്ഠാനങ്ങൾ, സന്ന്യാസികളുടെ ജീവിതലയം, ഇടുങ്ങിയ വഴികളിലൂടെ ഒഴുകുന്ന സാധാരണ മനുഷ്യരുടെ ചെറുനിമിഷങ്ങൾ—എല്ലാം ആഴമുള്ള ദൃശ്യഭാഷയിൽ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രദർശനത്തിന്റെ മുഖ്യ ആകർഷണം. വാരാണസിയുടെ കാലാതീതമായ സൗന്ദര്യവും ആത്മീയ താളവും ഈ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് ശക്തമായി പകരുന്നു.
ഡോ. ഉണ്ണി പുളിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ വാരണാസി യാത്രയിൽ നിന്നും ഫോട്ടോമ്യൂസ് അംഗങ്ങളായ സീമ സുരേഷ്, ഡോ. മീര ശ്രീകുമാർ, ലിബിൻ കെ. പി., അനന്തൻ പി., സംഗീത് വി. എസ്., സന്ദീപ് പുഷ്കർ, ഡോ. ശ്രീകുമാർ, ജിനോ ജോസഫ്, പ്രവീൺ പോൾ, നിലാ കൃഷ്ണൻ, നാഗരാജ് എസ്., നിരഞ്ജൻ ദാസ് ശർമ്മ എന്നിവർ പകർത്തിയ നാല്പത്തിയാറ് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
വാരണാസിയെ ഒരു നഗരമായി മാത്രം കാണാതെ, ഒരു തുടർച്ചയായ കഥയായി വായിക്കാൻ ക്ഷണിക്കുന്നതാണ് ‘വാരണാസി – തീരാക്കഥകളുടെ തുറന്ന പുസ്തകം’.
All are welcome







