‘INCEPTION’ is a series of programs by PhotoMuse that showcases new photographic work by its members, patrons, and other associates. The program envisages a dynamic platform for exhibiting new project-based photography created after 2015 about various subject matters of personal choice.
We are much delighted to introduce the works by Mr. Arun Inham
പൂർണത (perfection), നിയമങ്ങൾ എന്നീ രണ്ടു വാക്കുകൾ കലയുമായി കൂട്ടിച്ചേർത്തു വായിക്കാൻ ഒട്ടും തന്നെ താല്പര്യപ്പെടുന്നില്ല. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ കലാസൃഷ്ടികൾ ആത്യന്തികമായി എന്നെത്തന്നെ നിർവചിക്കുന്ന ഒന്നായിരിക്കണം. എന്നെ ഞാൻ നിർവചിക്കുക എന്നാൽ ചുറ്റുമുള്ള എന്റെ സമൂഹത്തെ കൂടി ചെറിയൊരു അളവിൽ എങ്കിലും ഞാൻ അതിൽ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നു.
എനിക്കിഷ്ടമുള്ള നിറങ്ങളും ബിംബങ്ങളും ഉപയോഗിച്ച് ഉള്ളിലെ സങ്കീർണ്ണമായ ചിന്തകളെ അതുപോലെതന്നെ ഈ ഫ്രെയ്മുകളിൽ പുനരാവിഷ്കരിക്കുകയാണ് ഇവിടെ..
വ്യത്യസ്ഥമാനങ്ങളുടെ വലിയ ഭൂമികയാണ് കല, അതിനാൽ നേർരേഖയിൽ ഒന്നും തന്നെ പറയുവാൻ ഞാൻ മുതിരുന്നില്ല. തുരുത്തിലകപ്പെട്ടവന്റെ ഭയവിഹ്വലതകൾ ഈ ഇരുളാർന്ന സീരിസിൽ കാണാം…
ഫോട്ടോഗ്രാഫിയുടെയും ശിൽപകലയുടെയും ചിത്രരചനയുടെയും സാധ്യതകളെ സമന്വയിപ്പിക്കുന്ന ഒരു ശൈലിയെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
കൂടെയുള്ളവരും കൂട്ടിനിരിക്കുന്നവരും ഇല്ലാതാകുമ്പോൾ, ഇനിയൊരിക്കലും അലഞ്ഞു നടക്കുവാനാകാത്ത ഞാൻ മനസ്സിനെ അലയാൻ വിട്ടിരിക്കുന്നു. ഒരിക്കലും പൂർണ്ണത കൈവരിച്ചിട്ടില്ലാത്തൊരു ജീവിയെന്ന നിലയിൽ എനിക്ക് എവിടെയാണ് എന്തിലാണ് ആ പൂർണത കണ്ടെത്തുവാനാവുക? പൊട്ടിപ്പുറപ്പെട്ട പാൻഡെമിക് ഒരു കോമാളിയായി മാറിയിരിക്കുന്നു.. ഒരേ മുഖമുള്ള മനുഷ്യരായി നാം മാറിയിരിക്കുന്നു. പുതിയ നിയമങ്ങൾ നിഷ്കർഷകൾ പിന്തുടരാൻ വിധിക്കപ്പെടുമ്പോൾ കലയിലും അതങ്ങനെത്തന്നെയാണ്. പുറമെ പുരോഗമനകവചങ്ങളാൽ സ്വയം പ്രതിരോധം തീർക്കുന്ന വിപ്ലവ സൂര്യന്മാർ വലിയൊരു തമാശയാണ് എനിക്ക് സമ്മാനിക്കുന്നത്..
എവിടെ ഞാൻ നിൽക്കണമെന്ന് നിലവിളിക്കുകയാണ് ഈ ഇരുണ്ടമുറിയിൽ അകപ്പെട്ടവൻ.. എന്റെ ചുറ്റുപാടിൽ നിന്നും കണ്ടെടുക്കപ്പെട്ട കുഴഞ്ഞുമറിഞ്ഞ കാഴ്ചകളെ അതേ പോലെ കുഴഞ്ഞു മറിഞ്ഞു രൂപത്തിൽ പുനരാവിഷ്കരിക്കുകയാണ് ഈ സീരിസിൽ.. കണ്ടിറങ്ങുന്നവന്റെ മടക്കയാത്രയിൽ ഉള്ളിൽ വെച്ചാണ് നാടകം അവസാനിക്കുന്നത് എന്ന ബ്രെഹത് വചനം, അത് ഒരു കലക്കും അന്യമല്ല.. നിങ്ങൾക്ക് അതിൽ കൂട്ടിച്ചേർക്കാം. .. എടുത്തുമാറ്റാം…